സേവനങ്ങൾ മെച്ചപ്പെടുത്തൽ; പുതിയ പരിഷ്ക്കരണങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സേവനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടി. കേരളത്തിന്റെ പൊതുഗതാഗത മേഖലയുടെ അഭിമാനവും ദൈനംദിന ജനജീവിതത്തിന്റെ അവിഭാജ്യഘടകവുമാണ് കെഎസ്ആർടിസി. യാത്രക്കാരാണ് യജമാനൻമാർ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകേണ്ടതും മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങൾ യാത്രക്കാർക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആർടിസിയുടെ കടമയാണ്. മുഴുവൻ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതുമാണ്. ഇതിനായുള്ള നിർദ്ദേശങ്ങൾ കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ചു.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. കോർപ്പറേഷന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ്. ഏറ്റവും പ്രധാന വരുമാന സ്രോതസ്സ് എന്നതിനാൽ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയിൽ നിന്നും കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണ് എന്ന പരിഗണന നൽകണം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും ബസ്സുകൾ എടുക്കുമ്പോഴും, ബസ് സ്റ്റേഷനിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന വേളകളിലും, സ്റ്റോപ്പുകളിൽ നിന്നും ബസ്സെടുക്കുമ്പോഴും ബസ്സിൽ കയറുവാൻ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിർബന്ധമായും കയറ്റിയിരിക്കണം. കെ.എസ്.ആർ.ടി.സി /
    കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് – സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ സർവീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കിൽ യാത്രാമദ്ധ്യേ യാത്രക്കാർ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങൾ പാലിച്ചും ബസ് നിർത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകേണ്ടതാണ്.
  1. രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്ന മാന്യയാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി 10.00 മണി മുതൽ രാവിലെ 06.00 മണി വരെ സൂപ്പർഫാസ്റ്റ് വരെയുള്ള സർവീസുകൾ ടി ക്ലാസ്സിന്റെ സ്റ്റോപ്പ് പരിഗണിക്കാതെ ദീർഘദൂര യാത്രക്കാരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളിൽ നിർത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.
  2. കൂടാതെ രാത്രി 08.00 മണി മുതൽ രാവിലെ 06.00 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നൽ ഒഴികെയുള്ള എല്ലാത്തരം ബസ്സുകളും സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ /
    ബസ് സ്റ്റോപ്പുകളിൽ സുരക്ഷിതമായി നിർത്തി ഇറക്കേണ്ടതാണ്.
  3. ബസ്സിൽ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരെ ബസ്സിൽ കയറുവാനും ഇറങ്ങുവാനും കണ്ടക്ടർമാർ സഹായിക്കേണ്ടതാണ്.
  4. വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളിൽ മാത്രമേ ബസ്സുകൾ നിർത്തുവാൻ പാടുള്ളൂ. ഇത്തരത്തിൽ നിർത്തുന്ന
    സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂൾ യാത്രക്കാർ കാണുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ്.
  5. ടിക്കറ്റ് പരിശോധനാവേളയിൽ കണ്ടക്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ (ഉദാ:- യാത്രക്കാർക്ക് ടിക്കറ്റ് നൽകാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, മോശമായ
    പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയിൽപ്പെട്ടാൽ ടി ജീവനക്കാരനെതിരെ കർശനനടപടി സ്വീകരിക്കുന്നതാണ്.

7. ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവൻ ഡ്രൈവർമാരേയും വനിതകൾ ഒഴികെയുള്ള കണ്ടക്ടർമാരേയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ടി ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാൻ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാർ സ്റ്റേഷൻമാസ്റ്റർ ഓഫീസിൽ റിപ്പോർട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസർ റീഡിംഗ്
വേബില്ലിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂൾ ഇൻസ്പെക്ടർമാർ / സ്റ്റേഷൻമാസ്റ്റർമാർ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

  1. ഒരേ റൂട്ടിലേയ്ക്ക് ഒന്നിന് പുറകെ ഒന്നായി കോൺവോയ് അടിസ്ഥാനത്തിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടർച്ചയായി ഉണ്ടായാൽ ജീവനക്കാർ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡിൽ പരമാവധി ഇടതുവശം ചേർത്ത്തന്നെ ബസ് ഒതുക്കി നിർത്തുന്നതിനും, റോഡിന്റെ ഇരുവശങ്ങളിലും സമാന്തരമായി പാർക്ക് ചെയ്ത് മാർഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
  2. ബസ് ഓടിക്കുമ്പോൾ നിരത്തിൽ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാൽനട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തർക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാൾ അപകടം ഒഴിവാക്കുവാൻ വേണ്ട മുൻകരുതൽ എടുക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
  3. ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളിൽ / ബുദ്ധിമുട്ടുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തേണ്ടതും പരിഹരിക്കാൻ നിയമാനുസൃതമായി സാദ്ധ്യമാകുന്ന
    നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തുടർന്ന് എല്ലാ സംരക്ഷണവും കോർപ്പറേഷൻ ഒരുക്കുന്നതാണ്.