തൃശ്ശൂർ: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വാഹന രജിസ്‌ട്രേഷൻ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കേസ് എന്തിന് തെരഞ്ഞെടുപ്പിനെ ബാധിക്കണം എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാർ ഉദ്ദേശ്യം. പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹർജികൾ കഴിഞ്ഞ ദിവസമാണ് എറണാകുളം എ.സി.ജെ.എം കോടതി തള്ളിയത്.