ക്യൂ നിന്ന് കഷ്ടപ്പെടാതെ കൊച്ചി മെട്രോയിൽ ടിക്കറ്റ് എടുക്കാം; 5 ആപ്പുകളിൽ സൗകര്യം

കൊച്ചി: ഇനി ക്യൂ നിന്ന് കഷ്ടപ്പെടാതെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാം. ഒന്നിലധികം ആപ്പുകളിൽ നിന്നും ടിക്കറ്റ് ഓൺലൈനായി എടുക്കാനുള്ള സംവിധാനമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. പേടിഎം, ഫോൺപേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൗകര്യമൊരിക്കിയത്.

ഓൺലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്റ് ഔട്ട് ആവശ്യമില്ലെന്നതാണ് മറ്റൊരു സവിശേഷത. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്‌കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി ചേർന്ന് ഇത്തരത്തിൽ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഒരു യാത്രയ്ക്കുള്ള ടിക്കറ്റോ മടക്ക യാത്രയും കൂടിയോ ഇത്തരത്തിൽ ഓൺലൈനായി എടുക്കാം. ഓൺലൈൻ ടിക്കറ്റിന് ബുക്കിങ് ചാർജ് ഈടാക്കില്ലെന്നും മെട്രോ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വാട്‌സ് ആപ്പ് ടിക്കറ്റ് ബുക്കിങ് മെട്രോ കൊണ്ടുവന്നിരുന്നു. ഊബർ വഴിയും ഈസ് മൈ ട്രിപ്പ് വഴിയും മെട്രോ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.