ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചില്ല. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം നിഷേധിച്ചത്. മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ദീർഘിപ്പിക്കുകയും ചെയ്തു. ഈ മാസം 18 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിലവിൽ തീഹാർ ജയിലിൽ കഴിയുകയാണ്.
ഇതിനിടെ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരായ അന്വേഷണത്തിനെതിരെ ഡൽഹി മന്ത്രി ആതിഷി രംഗത്തെത്തി. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി കള്ള കേസുകൾ എടുക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഏജൻസികൾക്ക് പിന്നിൽ ഒളിച്ചിരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ശ്രമിക്കരുത്. നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനെ നേരിടണം. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരണം എന്നും ആതിഷി കൂട്ടിച്ചേർത്തു.

