ആലപ്പുഴ: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ആലപ്പുഴയെയും ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പമാണ് ആറ്റിങ്ങലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎക്ക് ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതെന്ന് ബിജെപി വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. ആലപ്പുഴയിൽ ഇതുവരെ മേൽനോട്ടം വഹിച്ചിരുന്നത് സംസ്ഥാന നേതൃത്വമായിരുന്നു. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. നേതൃതലത്തിലും ഇതിന്റെ ഭാഗമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ് മണ്ഡലത്തിന്റെ ചുമതല. ഇപ്പോൾ മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബിജെപി ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചു. ആർഎസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യൻ എം.ആർ. പ്രസാദിനെയും പുതുതായി നിയോഗിച്ചിട്ടുണ്ട്.