തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലി ഉപേക്ഷിച്ചത് മന്ത്രവാദ ആശയങ്ങളുടെ പിന്നാലെ പോയതിനു വേണ്ടി ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറി അടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. അതേസമയം ആര്യയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയുള്ള കൂട്ടമരണത്തിന് കാരണം ഇവർക്ക് തമ്മിൽ വേർപിരിയാനുള്ള വിഷമം ആണോ എന്ന കാര്യവും അന്വേഷണ പരിധിയിൽ ഉണ്ട്.
മാർച്ച് 24ആണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചൽ പ്രദേശിലേക്ക് പോയത് വിനോദയാത്രയ്ക്ക് ആണെന്ന് പറഞ്ഞതിനാൽ വീട്ടുകാർക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. മരണാനന്തര ജീവിതത്തിലേക്ക് എന്നതിനെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ സെർച്ച് ചെയ്തതാണ് അന്ധവിശ്വാസത്തിലേക്ക് വിരൽ ചുണ്ടുന്നത്. ശരീരത്തിന് ചുറ്റുമുള്ള മുറിവേറ്റ പാടുകളും ഈ സംശയം ബലപ്പെടുത്തുന്നു. മരണാനന്തരം എന്താണ് സംഭവിക്കുന്നത്, അത് സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, മരണശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇവർ ഇന്റർനെറ്റിൽ സെർച്ച് ചെയ്തത്.
പുനർജന്മത്തിൽ വിശ്വസിക്കുന്നതായി അടുത്തിടെ ദേവി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇത്തരം വിശ്വാസങ്ങൾ അടുത്തിടെയായി ദേവിയ്ക്ക് കൂടുതലായിരുന്നു എന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. കുറച്ച് കാലമായി ഇവർ ആരുമായും അധികം അടുപ്പം പുലർത്തിയിരുന്നില്ലെന്നും വിവരമുണ്ട്.
ശ്രീകാര്യത്തെ ചെമ്പക സ്കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. വിദേശ ഭാഷകൾ ആയിരുന്നു ഇരുവരും പഠിപ്പിച്ചിരുന്നത്. ദേവി ജർമൻ ഭാഷയും ആര്യ ഫ്രഞ്ച് ഭാഷയും ആണ് പഠിപ്പിച്ചിരുന്നത്. എന്നാൽ കുറച്ചുകാലം മുമ്പ് ദേവി സ്കൂളിലെ ജോലി ഉപേക്ഷിച്ചിരുന്നു.
നവീനും ദേവിയും തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികൾ ആയിരുന്നു. 14 വർഷങ്ങൾക്ക് മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു.

