തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തിയ സാഹചര്യത്തിൽ വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ എയർ കണ്ടീഷൻ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന.
വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക, കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക, വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.
ഏപ്രിൽ രണ്ടിന് 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഏപ്രിൽ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും സംസ്ഥാനത്ത് ഉപയോഗിച്ചുവെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ.
106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ (2.4.24) മൊത്ത വൈദ്യുതി ഉപഭോഗം. ഏപ്രിൽ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം റെക്കോർഡിട്ടത്.
വൈദ്യുതി പാഴാക്കാതിരിക്കുക…
വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ AC, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കൂ.
വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക
കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക
വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക

