ഫലം മോശമെങ്കിൽ വീണ്ടും പരീക്ഷ; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ വാർഷിക പരീക്ഷയിൽ പ്രകടനം മോശമായവർക്ക് പഠന നിലവാരം ഉറപ്പിക്കാൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇത്തരത്തിലുള്ള വിദ്യാർത്ഥികൾ അടുത്ത ക്ലാസിലേക്ക് കടക്കും മുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാനാണ് നീക്കം. വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ ഉപയോഗിച്ച് മേയ് അവസാനമാകും പുനഃപരീക്ഷ നടത്തുന്നത്.

മധ്യവേനൽ അവധിക്കാലത്ത് അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തി മാർഗനിർദേശം നൽകുന്നത് ഉൾപ്പെടെയുള്ള പഠന പിന്തുണാ പദ്ധതി നടപ്പാക്കണമെന്നാണ് എസ്സിഇആർടി പുറത്തിറക്കിയ കരട് രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 10 വരെ ഈ നിർദേശങ്ങളിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്.

സംസ്ഥാനത്ത് 9-ാം ക്ലാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്ന രീതി നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നു എന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. കുട്ടികൾ ഓരോ ക്ലാസിലും ആർജിക്കേണ്ട അറിവ് നേടിയെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അധ്യാപകനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. കുട്ടികളുടെ ജീവിത സാഹചര്യം കൂടി അധ്യാപകർ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്‌സിഇആർടി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ:

  • 9-ാം ക്ലാസ് വരെ പരീക്ഷയ്ക്ക് എ മുതൽ ഇ ഗ്രേഡ് വരെയാണ് നൽകുന്നത്. ഇതിൽ ഏറ്റവും താഴെയായി ഡി,ഇ ഗ്രേഡ് നേടുന്നവർക്കാണ് നിലവാരം ഉറപ്പാക്കാനായി പഠന പിന്തുണയും പുനഃപരീക്ഷയും. പിന്തുണ വേണ്ടവരുടെ പട്ടിക ഏപ്രിൽ 5ന് മുൻപ് പൂർത്തിയാക്കണം.
  • പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ വീടുകൾ ഏപ്രിൽ 20ന് മുൻപ് അധ്യാപകർ സന്ദർശിച്ച് രക്ഷിതാക്കളുമായും ആശയ വിനിമയം നടത്തണം. കുട്ടി ശ്രദ്ധയൂന്നേണ്ട പാഠഭാഗം നിർദേശിക്കുകയും തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം. ഏപ്രിൽ, മേയ് മാസങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് പഠന പിന്തുണ നൽകണം.
  • പ്രത്യേക പരിഗണന നൽകേണ്ട കുട്ടികൾക്ക് സ്‌പെഷൽ എജ്യുക്കേറ്റർമാർ വഴിയും പിന്തുണ നൽകണം. പഠന പിന്തുണാ സാമഗ്രികൾ തയാറാക്കുന്നതിന് ബിആർസി ട്രെയിനർമാർ സഹായിക്കണം. പിടിഎയുടെ സഹകരണവും ഉറപ്പാക്കണം.
  • മെയ് 15ന് ശേഷം പദ്ധതിയുടെ പുരോഗതി പ്രധാനാധ്യാപകർ വിലയിരുത്തണം. മേയ് 20ന് തുടർമൂല്യനിർണയം നടത്തും.