റിയാസ് മൗലവി വധക്കേസ് വിധി; സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കുടക് സ്വദേശിയായ റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെടുന്നത്. ചൂരിയിൽ മദ്രസാ അധ്യാപകനായിരുന്നു റിയാസ് മൗലവി. തൊട്ടടുത്തുള്ള പള്ളിയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഈ പള്ളിയിൽ അതിക്രമിച്ച് കയറിയാണ് മൂന്നംഗ സംഘം കൃത്യം നടത്തിയത്. സംഭവത്തെ തുടർന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.

മൂന്ന് ദിവസത്തിനകം കേസുമായി ബന്ധപ്പെട്ട കുറ്റവാളികളെ പിടികൂടി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കേസിന്റെ ഗൗരവം കൂട്ടി. കൊല നടന്ന് 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കപ്പിച്ചിരുന്നു. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വർഷങ്ങൾക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോൾ നീതി നിഷേധിക്കപ്പെട്ടു എന്നാണ് കുടുംബം പറയുന്നത്.