എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി: എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകൾ തുടക്കത്തിലേ തടയണമെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ ബിൽഗേറ്റ്‌സ് ഇന്ത്യയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടന്നത്.

പ്രധാനമന്ത്രി ചർച്ചയിൽ ഊന്നൽ നൽകിയത് സൈബർ സുരക്ഷയ്ക്കാണ്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ആഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ ബിൽഗേറ്റ്‌സ് പ്രശംസിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു ഡിജിറ്റൽ സർക്കാരുണ്ട്. ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയിൽ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.