ആൺകുട്ടികൾക്കും മോഹിനിയാട്ടത്തിന് പ്രവേശനം അനുവദിക്കാൻ കലാമണ്ഡലം

തൃശ്ശൂർ: ആൺകുട്ടികൾക്കും മോഹിനിയാട്ടത്തിന് പ്രവേശനം അനുവദിക്കാൻ കലാമണ്ഡലം. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കലാമണ്ഡലം വൈസ് ചാൻസലർ ഡോ അനന്തകൃഷ്ണൻ വ്യക്തമാക്കിയത്. ഇക്കാര്യം സംബന്ധിച്ച് ഭരണസമിതി യോഗത്തിൽ ചർച്ച നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിംഗസമത്വം എന്നത്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വി സി ചൂണ്ടിക്കാട്ടി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടേയും നിലപാടുകൾ കേട്ട ശേഷമായിരിക്കും അനുകൂലമായ തീരുമാനത്തിലെത്തുകയെന്നും അദ്ദേഹം വിശദമാക്കി.

ഭരണസമിതി അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളതെന്നും വി സി കൂട്ടിച്ചേർത്തു. അതേസമയം, ബുധനാഴ്ച ഭരണസമിതിയിൽ ഡോ നീനപ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ചുമതലയേൽക്കും. അതിനുശേഷമായിരിക്കും ഭരണസമിതിയോഗം ചേരുന്നത്.