കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നടപടി. ആദായനികുതി വകുപ്പ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ ദേശീയ നേതാക്കളുടെ അടക്കം യാത്ര ചെലവ് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനങ്ങളിൽ ദേശീയനേതാക്കളുടെ പ്രചാരണം ചുരുക്കാനാണ് ഇപ്പോഴുള്ള തീരുമാനം.
പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുകയാണ്. കേരളത്തിൽ പാർട്ടി വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പ്രചാരണത്തിൽ അടക്കം ഇത് ബാധിച്ചിട്ടുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം വ്യക്തമാക്കിയത്. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഐസിസി ഇതുവരെ പണം നൽകിയിട്ടില്ല. സ്ഥാനാർഥികൾക്ക് കെപിസിസിയും പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഭൂരിപക്ഷം സീറ്റുകളിലും സിറ്റിങ് എംപിമാർ തന്നെ മത്സരിക്കുന്നതിനാൽ പണം കണ്ടെത്താനുള്ള സ്രോതസ് അവർക്കുണ്ടാകുമെന്നും കെപിസിസി പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

