സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോൾ ഈ കാലം സുവർണലിപികളിൽ ആയിരിക്കില്ല; കപിൽ സിബൽ

ന്യൂഡൽഹി: സുപ്രീം കോടതി ബെഞ്ചിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഡൽഹി മദ്യനയ കേസിലെ പ്രതി കവിത ജാമ്യത്തിനായി നൽകിയ റിട്ട് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോൾ ഈ കാലം സുവർണലിപികളിൽ ആയിരിക്കില്ലെന്ന് കവിതയുടെ ഹർജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കപിൽ സിബൽ പറഞ്ഞു. ‘നോക്കാം’ എന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കിയത്. എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ബിആർഎസ് നേതാവ് കവിത നൽകിയ റിട്ട് ഹർജി പരിഗണിച്ചത്. അറസ്റ്റിനെതിരെയും ജാമ്യത്തിനും വേണ്ടിയാണ് കവിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ജാമ്യത്തിനായി എല്ലാവരും ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.

കേസിന്റെ മെറിറ്റിനെ കുറിച്ച് കേൾക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്നായിരുന്നു കവിതയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടത്.