അരുണാചൽ പ്രദേശിനെ സംബന്ധിച്ച ചൈന ഉയർത്തുന്ന അവകാശവാദം അസംബന്ധം; വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നുവെന്നും ഇനിയും അങ്ങനെ തുടരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ. അരുണാചൽ പ്രദേശിനെ സംബന്ധിച്ച ചൈന ഉയർത്തുന്ന അവകാശവാദം അസംബന്ധം എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് അസംബന്ധ അവകാശവാദങ്ങൾ ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അഭിഭാജ്യ ഭാഗമായിരുന്നു. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് ചൈനയുടെ അവകാശവാദങ്ങൾക്ക് യാതൊരു സാധുതയും കൈ വരാൻ പോകുന്നില്ല. വികസന പരിപാടികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും പ്രയോജനം പ്രദേശിന് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാർത്ത കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഇത് രണ്ടാം തവണയാണ് അരുണാചൽപ്രദേശിനെ കുറച്ച് ചൈന അവകാശവാദം ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മറുപടിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചൽപ്രദേശ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൈന അരുണാചൽപ്രദേശിന് മേൽ അവകാശവാദം ഉന്നയിച്ചത്.