തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെല്ലാം ഓരോരോ പ്രത്യേകതകളും ശീലങ്ങളും ഇഷ്ടങ്ങളുമുണ്ടാകും. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനുമുണ്ട് അത്തരത്തിൽ ഒരു ശീലം. വർഷങ്ങളായി ശശി തരൂരിനൊപ്പം ഒരു മാഗ്‌നറ്റിക്ക് കണ്ണടയും കഴുത്തിൽ ഒരു എയർ പ്യൂരിഫയറുമുണ്ട്. കാലങ്ങളായി അദ്ദേഹത്തെ ഇങ്ങനെയാണ് കാണാറുള്ളത്.
മാഗ്നെറ്റിക് കണ്ണടയാണ് ശശി തരൂരിനുള്ളത്. തന്റെ കണ്ണടയെ കുറിച്ച് ശശി തരൂർ പറയുന്നത് എന്താണെന്ന് നോക്കാം. താാൻ കണ്ണട എപ്പോഴും മറക്കും, അല്ലെങ്കിൽ വീണ് പൊട്ടിപ്പോകും. ദൂരകാഴ്ചയ്ക്ക് മാത്രമേ തനിക്ക് കണ്ണട ആവശ്യമുള്ളൂ. മിക്കപ്പോഴും പോക്കറ്റിലായിരിക്കും. മുണ്ടുടുക്കുമ്പോൾ പോക്കറ്റും ഇല്ലല്ലോ. അപ്പോൾ വീഴും, ചവിട്ടുമ്പോൾ പൊട്ടും. മൂന്ന് മാസത്തിനുള്ളിൽ ആറ് തവണയെങ്കിലും കണ്ണട പൊട്ടിപ്പോകും. മാഗ്‌നെറ്റിക്ക് ആയതോടെ മറക്കില്ല. കഴുത്തിൽ തൂക്കിയിട്ടാൽ മതി. പോക്കറ്റും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നാണ് ഈ കണ്ണട എത്തിച്ചത്. ഡൽഹിയിലെ വായു മലിനീകരണത്തെ പേടിച്ചാണ് എയർ പ്യൂരിഫയർ വാങ്ങിച്ചത്. ചുറ്റുമുള്ള വായുവിനെ വൃത്തിയാക്കാനാണിത്. അണുക്കളെയും വൈറസിനെയും കൊല്ലുമെന്ന് പറയുന്നുണ്ട്. പക്ഷേ തനിക്ക് അക്കാര്യം ഉറപ്പില്ലെന്നും ഇടയ്ക്ക് ജലദോഷം വരാറുണ്ടെന്നും തരൂർ വ്യക്തമാക്കി.

