ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരായ പോരാട്ടത്തിലാണ് പ്രധാനമന്ത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പുകഴ്ത്തിയത്. ഭീകരതയ്ക്ക് ഫണ്ട് ചെയ്തവർ, സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മയക്കുമരുന്ന് വ്യാപാരം എന്നിവയുമായെല്ലാം ബന്ധപ്പെട്ട ചില വ്യക്തികളെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതുവഴി നിരവധി കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും മോദി അറിയിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇഡിയുടെ നടപടികളിൽ പ്രതിപക്ഷം ഭയചകിതരാണ്. 2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പി.എം.എൽ.എ) 1800 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് 4700 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2014 വരെ 5000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയതെങ്കിൽ കഴിഞ്ഞ 10 വർഷം കൊണ്ട് അത് ഒരുലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളായി വർധിച്ചു. പ്രോസിക്യൂഷൻ പരാതികളുടെ എണ്ണവും പത്ത് മടങ്ങ് വർധിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ആ കാരണം കൊണ്ടുതന്നെ അവർ രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പക്ഷേ രാജ്യത്തിന് അവരോട് ഒരു അനുകമ്പയുമില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് കടലാസിൽ കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ട് പ്രതിപക്ഷം സ്വപ്നങ്ങൾ നെയ്യുകയാണ്. എന്നാൽ മോദി സ്വപ്നങ്ങൾക്കുമപ്പുറം ‘ഗ്യാരണ്ടി’യിലേക്ക് പോയെന്നും പ്രധാനമന്ത്രി വിശദമാക്കി.