കൊച്ചി: കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ഹൈക്കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ടല, അയ്യന്തോൾ (തൃശൂർ), ബിഎസ്എൻഎൽ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, ചാത്തന്നൂർ (കൊല്ലം), മൈലപ്ര (പത്തനംതിട്ട), മാവേലിക്കര (ആലപ്പുഴ), മൂന്നിലവ് (കോട്ടയം), കോന്നി, പെരുങ്കടവിള, മാരായമുട്ടം (തിരുവനന്തപുരം) തുടങ്ങിയ സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുന്നതിൽ ക്രമക്കേടുണ്ട്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വം രജിസ്റ്റർ പാലിക്കുന്നതിലും നിയമ വിരുദ്ധത കണ്ടെത്തിയതായി ഇഡി വിശദമാക്കി. സി ക്ലാസ് അംഗത്വം നൽകിയത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നൽകുന്നതിലും വ്യാപക ക്രമക്കേട് നടക്കുന്നതായും ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണ്. പലരുടെയും മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുവന്നു. മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്ക് അടക്കം സമൻസ് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് കൂട്ടിച്ചേർത്തു.

