കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ പൊലീസ് കേസിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
പൊലീസ് പീഡനം ആരോപിച്ച് ഹർജി നൽകിയതിനാണ് കോടതി വിമർശനം ഉന്നയിച്ചത്. ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ കോടതി മാറ്റി. മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേയെന്ന് ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദിക്കുന്നു.
പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചില്ലേ. അതിന് കേസെടുക്കരുതെന്ന് പറയാൻ കഴിയുമോയെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു. അതേസമയം, സംഭവത്തിൽ പോലീസ് നാല് കേസുകൾ എടുത്തെന്ന് മുഹമ്മദ് ഷിയാസിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ, പ്രശ്നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.
ഇതിനിടെ ഷിയാസിനെതിരെ കോടതി വിമർശനം ഉന്നയിച്ച വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കേസ് നിയമപരമായി നേരിടും. ഇന്ദിരയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്നും എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മരിച്ച നിരവധി പേരുടെ കുടുംബങ്ങൾക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയില്ല. കോൺഗ്രസിന്റെ സമരം കാരണമാണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

