ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മത്സരിക്കില്ലെന്ന് റിപ്പോർട്ട്. കർണാടക കോൺഗ്രസിന്റെ ആവശ്യം ഖാർഗെ നിരസിച്ചു. സ്വന്തം പ്രചാരണ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ രാജ്യത്താകെ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകേണ്ടതെന്ന നിലപാടിലാണ് ഖാർഗെ. സാധാരണയായി പൊതുതിരഞ്ഞെടുപ്പിൽ നിന്നു പാർട്ടി അധ്യക്ഷന്മാർ മാറിനിൽക്കുന്ന പതിവ് കോൺഗ്രസിനുള്ളിൽ ഇല്ല. സോണിയ ഗാന്ധിയും രാഹുലും അദ്ധ്യക്ഷ സഥാനത്തിരിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ഖർഗെയുടെ പേര് മാത്രമാണ് കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ കോൺഗ്രസ് നിർദേശിച്ചിരുന്നത്. എന്നാൽ മണ്ഡലത്തിൽ മത്സരിക്കാൻ മരുമകനായ രാധാകൃഷ്ണൻ ദൊഡ്ഡമണിയെ ഖാർഗെ നിർദ്ദേശിക്കുമെന്നാണ് വിവരം. ഗുൽബർഗയിൽ രണ്ടു തവണ ഖാർഗെ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാൽ, 2019 ൽ അദ്ദേഹം മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.
നിലവിൽ രാജ്യസഭാംഗമാണ് മല്ലികാർജുൻ ഖാർഗെ. നാല് വർഷത്തെ കാലാവധി കൂടി അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. അതേസമയം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാർഥി നിർണയ ചർച്ച നടത്തിയിരുന്നു.