തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 150 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസം ആദ്യം പദ്ധതിയ്ക്കായി സർക്കാർ 100 കോടി രൂപ നൽകിയിരുന്നു.
ഇതുവരെ 2695 കോടി രൂപ പദ്ധതിക്കായി രണ്ടാം പിണറായി സർക്കാർ നൽകിയെന്നും ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയിൽ ഉറപ്പാക്കുന്നത്. നിലവിൽ 41.96 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. ഇവർക്ക് സർക്കാർ, എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ സൗകര്യമുണ്ട്.
ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ കാരുണ്യ പദ്ധതി പ്രകാരമുള്ള സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിനും അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്.
600ലേറെ ആശുപത്രികളിലാണ് നിലവിൽ കാസ്പ് ചികിത്സ സൗകര്യമുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിൽ ഉൾപ്പെടാത്തതും, വാർഷിക വരുമാനം മുന്ന് ലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം സൗജന്യ ചികിത്സാ സ്‌കീമുമുണ്ട്.

