തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ട്; സുരേഷ് ഗോപി

തൃശൂർ: തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു പ്രവർത്തകരോടു ക്ഷുഭിതനായ സംഭവത്തിൽ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്നും അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാതായതിന്റെ പ്രശ്‌നത്തിലായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. കാറിൽ കയറിയപ്പോൾ തന്റെ പ്രവർത്തകരുടെ മുന്നിൽവച്ച് ആദിവാസികൾ പറയുന്നു, തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. അപ്പോൾ പിന്നെ തന്റെ അണികളെ താൻ വഴക്ക് പറയും. അതിനുള്ള അവകാശം തനിക്കുണ്ട്. അതാണു കഴിവ്. നാളെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് താൻ പോയി ഇതുപോലെ കിടക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പാർട്ടി പ്രവർത്തകരെ തലോടാനും വഴക്കു പറയാനുമുള്ള അവകാശം തനിക്കുണ്ട്. അതു മറ്റു ചില ഉദ്ദേശ്യത്തോടെ പറയേണ്ട ആവശ്യമില്ല. താൻ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ ഈ പ്രവർത്തകർ തന്നെ വേണം ഇത്തരത്തിലുള്ള വിഷയങ്ങൾ എത്തിക്കാൻ. ചെയ്തില്ലെങ്കിൽ അന്നും ഇങ്ങനെ വഴക്ക് പറയും. അതിന്റെ സൂചനയാണു നൽകിയത്. അതിനുള്ള അധികാരം തനിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്തേക്കു പോകുമെന്നു വെറുതെ പറഞ്ഞതല്ല. അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണ്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം, അല്ലെങ്കിൽ തനിക്ക് തന്റെ ജോലി ചെയ്യാൻ സാധിക്കില്ല. നാളെ ജയിച്ചു കഴിഞ്ഞാലും അണികളായ ഇവരാണ് ഓരോ സ്ഥലത്തും പോയി എന്താണു വിഷയങ്ങളെന്ന് തന്റെ അടുത്ത് എത്തിക്കേണ്ടത്. അതിനല്ലേ പിന്നീട് താൻ നടപടിയെടുക്കേണ്ടത്? അതിന്റെ ചെറിയൊരു സാംപിളാണ് അവിടെ കണ്ടത്. അത്രേയുള്ളൂ. ഇങ്ങനെ പ്രചരിപ്പിച്ചതാരാണെന്ന് തനിക്ക് അറിയാം. എത്ര പേർ ഉണ്ടായിരുന്നെന്ന വിഡിയോ ഇന്നു പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. കോളനി നിവാസികളെ കാണാൻ കഴിയാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിനും ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരോടു സുരേഷ് ഗോപി നീരസം പ്രകടിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.