അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണം; അഭ്യർത്ഥനയുമായി മാലദ്വീപ് മുൻ പ്രസിഡന്റ്

മാലെ: ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞത് മാലദ്വീപിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് മാലദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ടൂറിസം അടക്കമുള്ള മേഖലകളിൽ ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയതിന്റെ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിൽ മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണമെന്നാണ് തങ്ങളുടെ ആഗ്രഹം. തങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. താനിപ്പോൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യങ്ങൾ തമ്മിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ള ഉത്തരവാദിത്ത സമീപനത്തെ നഷീദ് പ്രശംസിക്കുകയും ചെയ്തു. സമ്മർദ്ദം ചെലുത്തുന്നതിന് പകരം നയതന്ത്ര ചർച്ചയാണ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ളത്. സൈനികർ രാജ്യത്ത് നിന്ന് മടങ്ങിപ്പോകണമെന്ന് മാലദ്വീപ് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, ഇന്ത്യ എന്താണ് ചെയ്തതെന്ന് അറിയാമോ. അവർ മസിൽ പവർ കാണിച്ചില്ല, മറിച്ച് വിഷയത്തിൽ ചർച്ച ചെയ്യാമെന്നാണ് പറഞ്ഞത്. റബർ ബുള്ളറ്റ്, കണ്ണീർ വാതകം പോലുള്ള ഉപകരണങ്ങൾ വാങ്ങാൻ മൊയിസു പദ്ധതിയിടുന്നുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ കണ്ണീർവാതകവും റബർ ബുള്ളറ്റും വേണ്ടിവരുമെന്ന് സർക്കാർ ചിന്തിച്ചതുതന്നെ ഖേദകരമാണ്. തോക്കിൻ കുഴലിലൂടെയല്ല ഭരണം നടക്കേണ്ടതെന്നും നഷീദ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപായി മാലദ്വീപിൽ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിൽ 75 ഇന്ത്യൻ സൈനികരാണ് ഉണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടത്.