കേരളത്തിലും കോൺഗ്രസിന്റെ പതനം തുടങ്ങി; കെ മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹതയില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും കോൺഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ധാരാളം പേർ മോദിയിൽ ആകൃഷ്ടരായി ബിജെപിയിൽ ചേരുന്നു. കേരളത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് ബിജെപിയിലേക്ക് വരാനുണ്ട്. ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ്. കെ മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹതയില്ല. കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരൻ. മൂന്ന് പാർട്ടിയുടെ പ്രസിഡണ്ടായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സുരേന്ദ്രൻ അറിയിച്ചു.

ബിജെപിയിൽ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആർക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പി സി ജോർജ്ജ് വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.