കിഫ്ബി മസാലബോണ്ട്; തോമസ് ഐസക്കിന് ഇഡി അയച്ച പുതിയ സമൻസിന് സ്റ്റേയില്ല

കൊച്ചി: കിഫ്ബി മസാലബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്നായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി വ്യക്തമാക്കി.

അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ നിർദ്ദേശം. കിഫ്ബി ഫിനാൻസ് ഡിജിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

കേസിൽ ഇഡി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ കൈമാറാൻ തയ്യാറെന്ന് കിഫ്ബി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 18 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.