സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. മനുഷ്യരും മൃഗങ്ങളും ഒരുപോലെ ചൂടിൽ വെന്തുരുകുന്ന അവസ്ഥയിലാണ്. കനത്ത ചൂടിനെ പ്രതിരോധിക്കാൻ പക്ഷിമൃഗാദികൾക്ക് കുളിരേകുന്ന സംവിധാനങ്ങൾ ഒരുക്കി നൽകിയിരിക്കുകയാണ് മൃഗശാല അധികൃതർ. ചൂടു കൂടി ജീവികൾക്ക് അരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. മൃഗങ്ങൾക്ക് കുളിക്കാനായി ഷവറുകളും കാറ്റുകൊള്ളാൻ ഫാനും തിരുവനന്തപുരം മൃഗശാലയിൽ സജ്ജമാക്കിയിട്ടുണ്ട്.
മൃഗങ്ങളുടെയും പക്ഷികളുടെയും ഭക്ഷണ മെനുവിലും മാറ്റങ്ങൾ വരുത്തി. മാംസഭുക്കുകളുടെ മെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കി പകരം ബീഫാണ് നൽകുന്നത്. പക്ഷികൾക്ക് ഫ്രൂട്ട് സലാഡ്, വൈറ്റമിൻസ് മിനറൽസ് തുടങ്ങിയവയാണ് നൽകുന്നത്. എല്ലാ കൂടുകളിലും ഫാനുകൾ സജജീകരിച്ചിട്ടുണ്ട്. കടുവയ്ക്കും പുള്ളിപുലിയ്ക്കും കുളിക്കാൻ ഷവർ ഒരുക്കി.
കണ്ടാമൃഗം, നീലകാള എന്നിവയ്ക്കും വെള്ളം ചീറ്റുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അനാക്കോണ്ടയ്ക്കും രാജവെമ്പാലയ്ക്കും എസിയുള്ള കൂടുകകളാണ്. മറ്റ് പാമ്പുകൾക്ക് ഫാനും സ്ഥാപിച്ചിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ കരടികൾക്കു തണ്ണിമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്.

