യുപിഐ സേവനത്തിന് തുടക്കം കുറിച്ച് ഫ്ളിപ്കാർട്ട് ഇന്ത്യ

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനത്തിന് തുടക്കം കുറിച്ച് ഫ്ളിപ്കാർട്ട് ഇന്ത്യ. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്‌ളിപ്കാർട്ട് ഇന്ത്യ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഫ്‌ളിപ്കാർട്ട് ഉപയോക്താക്കൾക്കാണ് പുതിയ സേവനം പ്രയോജനം ചെയ്യുക.

ആപ്പ് തുറന്നാൽ ആദ്യം കാണുന്ന യുപിഐ സ്‌കാനർ ഉപയോഗിച്ച് ഇനി ഇടപാടുകൾ നടത്താൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭിക്കുക. വൈകാതെ ഐ.ഒ.എസിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കായി ഈ സേവനം ഉപയോഗിക്കാൻ കഴിയും. പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റുകൾക്കുമെല്ലാം ഇത് ഉപയോഗപ്പെടുത്താൻ കഴിയും. ഈ സേവനം ലഭിക്കാനായി ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആപ്പിനുള്ളിൽ ‘ഫ്‌ളിപ്കാർട്ട് യുപിഐ’ ബാനർ നോക്കി അതിൽ ടാപ്പ് ചെയ്യുക. ‘ബാങ്ക് അക്കൗണ്ട് ചേർക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഫ്‌ളിപ്കാർട്ട് യുപിഐയുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. കൺഫർമേഷൻ നൽകുക. വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ഉപയോക്താക്കൾക്ക് പരിധികളില്ലാതെ പേയ്‌മെന്റുകൾ നടത്തുന്നതിന് ഫ്‌ളിപ്കാർട്ട് യുപിഐ ഉപയോഗിക്കാം.