സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ഇന്ത്യൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം.

ഇന്ത്യക്കാർക്കായി എംബസി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത് നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കണക്കിലെടുത്തുമാണ്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങൾ സന്ദർശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് എംബസി നിർദ്ദേശിച്ചു.

എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും +972 35226748 എന്ന നമ്പറിൽ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാർ തങ്ങൾക്ക് പരിചയമുള്ള മറ്റ് ഇന്ത്യൻ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി അഭ്യർത്ഥിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന വ്യോമാക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടത്. കൊല്ലം വാടി സ്വദേശി പാറ്റ് നിബിൻ മാക്സ് വെല്ലാണ് മരിച്ചത്. ലെബനോനിൽ നിന്ന് അയച്ച മിസൈൽ ഇസ്രായേലിന്റെ വടക്കൻ അതിർത്തിയായ മാർഗ ലിയോട്ടിന് സമീപം പതിക്കുകയായിരുന്നു. ഫാമിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് മലയാളികളടക്കം ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രായേലിൽ എത്തിയത്. നിബിന്റെ ഭാര്യ ഫിലോണ ഏഴ് മാസം ഗർഭിണിയാണ്. നിബിന്റെ മരണ വാർത്ത കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.