ആശ്വാസ വിധി; ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. 2018-ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

2017ൽ ഇഡി അന്വേഷണത്തിന് പിന്നാലെ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയെന്നാണ് അന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്.

എന്നാൽ, അങ്ങനെ പണം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബിജെപിയുമായി ബന്ധപ്പെട്ട തുകയായിരിക്കുമെന്ന് ശിവകുമാർ തിരിച്ചടിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019-ൽ ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുകൂല വിധി ഉണ്ടായത്.