ശുചിത്വ കേരളം; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ ഈടാക്കാനുള്ള ബില്ലിൽ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ബന്ധപ്പെട്ട ഓർഡിനൻസ് മാർച്ച് ആറിന് അസാധുവാകുമായിരുന്നു. സർക്കാർ ഇക്കാര്യമറിയിച്ചതോടെയാണ് ഗവർണർ ബില്ലിൽ ഒപ്പുവെയ്ക്കാൻ തയ്യാറായത്.

ഈ ബില്ലുകൾ നിയമസഭ പാസാക്കിയത് ഫെബ്രുവരി 13നാണ്. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും. പിഴയും ഫണ്ടിൽ നിന്നെടുക്കും. വീഴ്ച വരുത്തുന്നത് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ, ലൈസൻസ് പുതുക്കി നൽകില്ല. മാലിന്യ സംസ്‌ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും. വീഴ്ചവരുത്തിയാൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവാക്കാൻ അധികാരമുണ്ടായിരിക്കും. നേരത്തെ ഇത് 25000 രൂപയായിരുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തും. യൂസർഫീ നൽകുന്നതിൽ 90 ദിവസത്തിനു ശേഷവും വീഴ്ച വരുത്തിയാൽ, പ്രതിമാസം 50% പിഴയോടുകൂടി വസ്തു നികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം.

യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള യാതൊരു സേവനവും ലഭിക്കില്ല.100ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾ നടത്തുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനത്തിൽ അറിയിക്കണം. മാലിന്യം നിശ്ചിത ഫീസ് നൽകി ശേഖരിക്കുന്നവർക്കോ,ഏജൻസികൾക്കോ കൈമാറണം. മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക്, നികുതിയില്ല. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവർക്ക് സമ്മാനം ലഭിക്കുമെന്നും ബില്ലിൽ പറയുന്നു.