കൊച്ചി: ഡിവൈഎഫ്‌ഐയ്ക്കും എസ്എഫ്‌ഐയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടി പി ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കും എന്ന് പ്രസ്താവിച്ച സിപിഎം നേതാക്കളുടെ അതേ വഴിയിലാണ് എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിദ്ധാർഥന്റെ മരണത്തിൽ കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
സിദ്ധാർഥിന്റെ മാതാപിതാക്കൾ തന്നെ പറയുന്നത് എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു എന്നാണ്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞ് മറ്റൊരു വധശിക്ഷയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചു പോയ സിദ്ധാർഥനെ വീണ്ടും അപമാനിക്കാനായി ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആൾ തന്നെ ആ കമ്മിറ്റിയിൽ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നത്. ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്തപ്പോൾ സാജന്റെ മരണത്തിന് കാരണം സർക്കാരോ മുൻസിപ്പാലിറ്റിയോ അല്ലെന്ന് വരുത്തിത്തീർക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് വ്യാജമായ ആരോപണങ്ങളും കഥകളും പ്രചരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സിദ്ധാർഥനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വീണ്ടും ഇവർ അപമാനിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമത്തിന്റെ മുന്നിൽ വരണമെന്ന് കേരളം ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട് ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് തന്നെയാണ് അവർക്കു വേണ്ടി ഹാജരായത്. അപ്പോൾ ഈ ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാൻ നിൽക്കുകയാണ് സിപിഎം എന്നു വ്യക്തമായിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎമ്മിന്റെ ജില്ലാ നേതാവ് തന്നെ പരസ്യമായി വിരട്ടുകയാണ്. മുഴുവൻ പ്രതികളെയും ഒളിപ്പിച്ചിരിക്കുന്നത് സിപിഎമ്മാണ്. അവരെ പുറത്തു കൊണ്ടുവരാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന സംഭവമാണിത്. അതിനെക്കുറിച്ചൊരു വാക്കു പോലും മുഖ്യമന്ത്രിക്ക് സംസാരിക്കാനില്ല. കുറ്റബോധം കൊണ്ടാണെങ്കിൽ നല്ല കാര്യം. കാരണം ഈ ക്രിമിനലുകളെ കേരളത്തിൽ അഴിഞ്ഞാടാൻ എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്. കല്യാശേരിയിൽ ചെടിച്ചട്ടികൊണ്ടും ഇരുമ്പുവടി കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ചവർക്കെതിരായി വധശ്രമത്തിന് പൊലീസ് കേസെടുത്തപ്പോൾ അത് രക്ഷാപ്രവർത്തനമാണെന്ന് വ്യാഖ്യാനിക്കുകയും അത് ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുന്നതിനുള്ള കാരണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

