ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വൈറ്റ്ഫീൽഡിലെ കഫേ പരിസരത്ത് ഒരു പുരുഷൻ ബാഗുമായി വരുന്നതിന്റെയു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനച്ചിന് മുൻപ് ഇയാൾ ബാഗ് കഫേയിൽ വച്ച് നടന്നുപോയി. സംശയിക്കുന്ന വ്യക്തിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കണ്ണടയും, മാസ്‌കും ധരിച്ചിരുന്ന വ്യക്തിയാണ് ബാഗുമായി എത്തിയത്. ഇയാൾ തലയിൽ തൊപ്പിയും വെച്ചിട്ടുണ്ടായിരുന്നു. കയ്യിൽ ഒരു പ്ലേറ്റ് ഇഡ്ഡലിയുമായി ഇയാൾ നടക്കുന്നതിന്റെ ദൃശ്യങ്ങളും ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിരിക്കുന്നത്. ഇയാൾ പണമടച്ച് ടോക്കൺ എടുക്കുന്നതും ഭക്ഷണം കഴിച്ച ശേഷം പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഔട്ട്‌ലെറ്റിനുണ്ടായ തകർച്ച തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് സ്ഥാപനത്തിന്റെ ഉടമ ദിവ്യ രാഘവേന്ദ്ര റാവു വ്യക്തമാക്കി. രാമേശ്വരം കഫേ അധികം വൈകാതെ മടങ്ങി എത്തുമെന്നും അവർ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ വൈറ്റ് ഫീൽഡ് ഔട്ട്‌ലെറ്റ് പ്രവർത്തനം പുനരാരംഭിക്കും. സ്ഫോടനത്തിൽ പരിക്കേറ്റവരെ സഹായിക്കുമെന്നും അവർ അറിയിച്ചു. ആർക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റവർ 15-30 ദിവസത്തിനകം സുഖം പ്രാപിക്കുമെന്നും ദിവ്യ കൂട്ടിച്ചേർത്തു.

