തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കാര്യവട്ടം ക്യാമ്പസിൽ വാട്ടർ ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ കാത്ത് പോലീസ്. ഡിഎൻഎ പരിശോധന ഫലം നോക്കിയാൽ മാത്രമേ അസ്ഥികൂടം മകന്റേതാണെന്ന് പറയാൻ കഴിയൂ എന്നാണ് അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദകൃഷ്ണൻ അറിയിച്ചത്. സംഭവത്തിലെ അന്വേഷണത്തിലാണ് ആനന്ദകൃഷ്ണന്റെ പ്രതികരണം.
അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തു നിന്നും ലഭിച്ച ലൈസൻസ് അവിനാശിന്റെതാണ്. ഡിഎൻഎ പരിശോധന നടത്താതെ അസ്ഥികൂടം മകന്റേത് തന്നെയാണോ എന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. 2017 ന് ശേഷം മകനെ കുറിച്ച് വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്ഥികൂടത്തിന്റെ സമീപത്തു നിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ച് ആയിരുന്നു പോലീസ് അന്വേഷണം നടത്തിയത്. പിന്നീടാണ് ലൈസൻസിന്റെ ഉടമയായ അവിനാശിന്റെ അച്ഛനിൽ നിന്ന് പോലീസ് വിവരശേഖരണം നടത്തിയത്.
കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെന്റിന് സമീപത്തെ ഭൂമിയിൽ വർഷങ്ങൾക്കു മുൻപ് വാട്ടർ അതോറിറ്റിക്ക് ടാങ്ക് നിർമ്മിക്കാനായി സർവ്വകലാശാല പാട്ടത്തിന് നൽകിയിരുന്നു. ഈ ഭൂമിയിൽ നിർമ്മിച്ച ടാങ്കിൽ നിലവിൽ പമ്പിങ് നടക്കുന്നില്ല. 20 വർഷത്തിലേറെയായി ഈ ടാങ്ക് ഉപയോഗിക്കാതായിട്ട്. മൺവിളയിൽ മറ്റൊരു ടാങ്ക് നിർമ്മിച്ചതിനാലാണ് ഈ ടാങ്ക് ഉപയോഗിക്കാതിരിക്കുന്നത്.
എങ്ങനെയാണ് ഈ ടാങ്കിനുള്ളിൽ ഒരു മൃതദേഹം എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആത്മഹത്യ ആണോ കൊലപാതകം ആണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

