തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഗവർണറുടെ പ്രതികരണം. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നൽകി. ഇതിൽ നിന്നും എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തിയെന്ന് ടിപി വധക്കേസ് പരാമർശിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. ആ കേസിൽ ശിക്ഷ ഇപ്പോൾ ഹൈക്കോടതി വർധിപ്പിച്ചു. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്. അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. മുതിർന്ന നേതാക്കളാണ് ടിപി കേസിൽ ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്ന് ഗവർണർ ചോദിക്കുന്നു.
കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണ്. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നൽകുകയാണ് അവർ. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകും. പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകർക്കപ്പെടുന്ന സ്ഥിതിയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

