മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ അന്വേഷണം; ഹർജി സമർപ്പിച്ച് മാത്യുകുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ അനുമതി നൽകിയത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്.

പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന് പ്രതിഫലമായി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, സർക്കാർ അഭിഭാഷകൻ ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ എതിർത്തു. എന്നാൽ, കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം 14ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നൽകിയ നിർദ്ദേശം. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.