സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ പരിഷ്ക്കരണം നടത്താൻ കേന്ദ്രം; മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ പരിഷ്‌ക്കരണവുമായി കേന്ദ്രം. സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ യു/എ വിഭാഗത്തിൽ പെടുന്ന സിനിമകൾക്ക് ഉപവിഭാഗങ്ങൾ നൽകുന്നതുൾപ്പടെയുള്ള മാറ്റങ്ങളാണ് പുതുതായി നിർദ്ദേശിക്കപ്പെടുന്നത്. പ്രായപൂർത്തിയായവർക്കും രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്കും കാണാൻ അനുമതി നൽകിയിരുന്ന യു/എ വിഭാഗത്തിന് കാഴ്ച്ക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇതുപ്രകാരം ഏഴുവയസ്സിനു മുകളിൽ ഉളള കുട്ടികൾക്കു കാണാനാകുന്ന സിനിമകൾക്ക് യു/എ7പ്ലസ് എന്നായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഇത്തരത്തിൽ യു/എ 7 പ്ലസ്, യു/എ13 പ്ലസ്, യു/എ16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങൾ നിശ്ചയിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നിലവിൽ എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സിനിമകൾക്കു ടെലിവിഷൻ സംപ്രേഷണാനുമതിയില്ല. പുതിയ ചട്ടപ്രകാരം എ സർട്ടിഫിക്കേഷനു കാരണമായ ഭാഗങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് യു സർട്ടിഫിക്കറ്റോടുകൂടി സിനിമകൾ ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സാധിക്കും. ഇതിനായി പോർട്ടൽ മേഖന അപേക്ഷ സമർപ്പിക്കാം.

അതേസമയം, സെൻസർ ബോർഡിലെ വനിതാ അംഗങ്ങളുടെ എണ്ണം ഉയർത്താനുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ബോർഡിൽ ചുരുങ്ങിയത് മൂന്നിലൊന്നു വനിതകൾ വേണമെന്നാണ് ചട്ടത്തിലെ നിർദ്ദേശം. 50 ശതമാനം വനിതകൾ ഉണ്ടെങ്കിൽ അഭികാമ്യം ആണെന്നും നിർദ്ദേശമുണ്ട്. മാർച്ച് ഒന്നുവരെ പുതിയ ചട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.