പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ: നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് സർക്കാർ പൗരത്വ ഭേദഗതി നിയമം അതിവേഗം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.2019-ൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്ക് പൗരത്വത്തിനായി അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കി. നേരത്തെ കേന്ദ്രമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി കേന്ദ്രം നടപടിക്രമം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നുവെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്.2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കുന്നത്.