ബെൽത്തങ്ങാടി ക്വാറി കേസ്; പി വി അൻവറിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബെൽത്തങ്ങാടി ക്വാറി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്കാണ് പിവി അൻവർ ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഈ ഓഫീസിൽ ഇപ്പോഴും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആവശ്യമായ അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു.

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്നാണ് കോടതി ഉന്നയിച്ച ചോദ്യം. വിഷയത്തിൽ നാളെ മറുപടി നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പാർക്ക് അടച്ച് പൂട്ടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യപ്പെടുന്നത്. നാളെ വീണ്ടും ഹർജി പരിഗണിക്കും. ഗുരുതര ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയിൽ പി വി അൻവർ നടത്തിയതെന്നാണ് ഹർജിയിൽ വാദിക്കുന്നത്.