തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കും; സാബു എം ജേക്കബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി ട്വന്റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. അതിന് ഉതകുന്ന ആറ്റം ബോംബ് തന്റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് സാബു ജേക്കബ് ഇക്കാര്യം വ്യക്തമാക്കിയത്.

താൻ അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ല. തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ബിജെപി ബന്ധത്തിന്റെ കാര്യത്തിൽ വ്യക്തമായി ഒരു പ്രതികരണവും നടത്താൻ സാബു ജേക്കബ് തയ്യാറായില്ല. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.