വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിൽ സർക്കാരിന്റെ നിർദേശം അംഗീകരിക്കാൻ തയ്യാറാകാതെ ഗവർണർ. മൂന്ന് കമ്മിഷണർമാരുടെ നിയമനത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള പരാതികളാണ് ഗവർണറെ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ഈ പേരുകൾ ശുപാർശ ചെയ്തത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയാണ്. അധ്യാപകരായ ടി കെ രാമകൃഷ്ണൻ, എം ശ്രീകുമാർ, ാധ്യമരംഗത്ത് നിന്നുള്ള സോണിച്ചൻ പി ജോസഫ് എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടവരെപ്പറ്റി സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികളാണ് ഗവർണർക്ക് ലഭിച്ചത്. സുപ്രീംകോടതി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഈ മൂന്നുപേരെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന പരാതിയും ഗവർണർക്ക് ലഭിച്ചിരുന്നു.

52 പേരുടെ ഷോർട്ട് ലിസ്റ്റിൽ നിന്നാണ് ഈ മൂന്നുപേരെ തിരഞ്ഞെടുത്തതെന്നും ഈ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ ഉണ്ടായിട്ടണ്ടെന്നും കാണിച്ചാണ് ഗവർണർക്ക് പരാതി ലഭിച്ചിരുന്നത്. വളരെയധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഈ പേരുകൾ മടക്കി അയച്ച് സർക്കാരിനോട് പരാതികളിൽ വിശദീകരണം തേടിയത്.

സർക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മൂന്ന് പേരുകൾ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഗവർണർ തീരുമാനം സ്വീകരിക്കുക.