വന്യജീവി ആക്രമണം; കേന്ദ്ര വനംവകുപ്പ് മന്ത്രി വയനാട്ടിലെത്തും

ന്യൂഡൽഹി: കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ സന്ദർശനം നടത്തും. വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. ബുധനാഴ്ച ജില്ലയിലെത്തുന്ന മന്ത്രി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് വ്യാഴാഴ്ച രാവിലെ ചേരുന്ന അവലോകന യോഗങ്ങളിൽ പങ്കുചേരും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. വയനാട്ടിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചർച്ച നടത്തിയത്. തുടർന്നാണ് മന്ത്രി സന്ദർശനത്തിനായി എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തിയിരുന്നു. അതേസമയം, വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്നാണ് മന്ത്രിമാർ യോഗത്തിൽ ഉറപ്പുനൽകിയത്.

ജില്ലയിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന് ഗവർണറും അറിയിച്ചിരുന്നു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും ഭരണകൂടം ജനതക്ക് ഒപ്പമാണെന്നും ഗവർണർ വ്യക്തമാക്കി. പൊതുജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.