ആർട്ടിക്കിൾ 370 റദ്ദാക്കിയത് വലിയ നേട്ടം: കശ്മീരിൽ 32000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജമ്മു: ജമ്മു കശ്മീരിൽ 32000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെ വികസനത്തിന് ഏറ്റവും വലിയ തടസ്സമായിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുവിൽ നിർമ്മാണം പൂർത്തിയായ എയിംസ്, ഐഐഎം, ഐഐടി ക്യാമ്പസുകളും അദ്ദേഹം നാടിന് സമർപ്പിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ജമ്മുകശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥരായി നിയമനം കിട്ടിയ 1500 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറുകയും ചെയ്തു.

ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണ്. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത്. കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു. പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന് സഹിക്കേണ്ടി വന്നു. വംശീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വന്തം താൽപ്പര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർക്ക് അവരുടെ കുടുംബങ്ങളെക്കുറിച്ച് മാത്രമാണ് ആശങ്ക, നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചല്ല. കശ്മീരിലെ കുടുംബങ്ങളും പ്രദേശത്തെ യുവാക്കളും ഇതുമൂലം വലിയ ദുരിതം അനുഭവിച്ചിട്ടുണ്ട്. ഈ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്ന് ജമ്മു കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ആർട്ടിക്കിൾ 370 എന്നത് ജമ്മു കശ്മീരിന്റെ വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്നു. ബിജെപി സർക്കാർ അത് റദ്ദാക്കി. ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിലേക്ക് നീങ്ങുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.