തിരുവനന്തപുരം: മാസപ്പടി കേസിലെ കർണാടക ഹൈക്കോടതിയുടെ വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യുകുഴൽനാടൻ. കോടതി വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ രംഗത്തെത്തിയത്.
എസ് എഫ് ഐ ഒ അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും പറഞ്ഞത്. ഈ വാദത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് മാത്യുകുഴൽനാടൻ ചൂണ്ടിക്കാട്ടി.
പ്രതീക്ഷിച്ച വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിധി പകർപ്പ് പൂർണമായും കണ്ടാലെ ഇത് സംബന്ധിച്ച് കൃത്യത വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 12ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് അറിയിച്ചു.

