തീര സുരക്ഷ ഉയർത്തൽ; കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: തീര സുരക്ഷ ഉയർത്താൻ നടപടികളുമായി പ്രതിരോധ മന്ത്രാലയം. 463 യന്ത്രത്തോക്കുകളുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. കാൻപൂർ ആസ്ഥാനമായുള്ള വെപ്പൺ എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡുമായാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. 1752.13 കോടി രൂപയുടേതാണ് കരാർ.

സേനയുടെ കപ്പലുകളിലും ബോട്ടുകളിലും സ്ഥാപിക്കുന്ന 12.7എംഎം തോക്കുകൾ റിമോട് കൺട്രോളിലും നിയന്ത്രിക്കാൻ കഴിയും. സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ (എസ്ആർസിജി) വിദൂരമായി പ്രവർത്തിപ്പിക്കാവുന്ന സ്റ്റെബിലൈസ്ഡ് പ്ലാറ്റ്‌ഫോമിൽ ഘടിപ്പിച്ചിരിക്കുന്ന 12.7 എംഎം ഹെവി മെഷീൻ ഗണ്ണാണ്. സുരക്ഷയും കൃത്യതയും ഉറപ്പുവരുത്താൻ ഈ സംവിധാനം സഹായിക്കും.

ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ച് തിരുച്ചിറപ്പള്ളിയിലെ ഓർഡിനൻസ് ഫാക്ടറിയാണ് എസ്ആർസിജി നിർമിക്കുന്നത് 12.7 എംഎം എം 2 നാറ്റോ ഹെവി മെഷീൻ ഗൺ ആണ് പ്ലാറ്റ്‌ഫോമിൽ സജ്ജീകരിക്കുന്നത്. ബിൽറ്റ്-ഇൻ സിസിഡി ക്യാമറകൾ, ലേസർ റേഞ്ച്‌ഫൈൻഡർ സിസ്റ്റം, ഒരു തെർമൽ ഇമേജർ എന്നിവയും ഇതിലുണ്ട്. രാവും പകലും ഒരുപോലെ ഫലപ്രദമായി ഇത് പ്രവർത്തിപ്പിക്കാൻ കഴിയും.
നിലവിൽ ഇന്ത്യൻ നേവി കപ്പലുകളിലും തീരസംരക്ഷണ സേനയുടെ കപ്പലുകളിലും SRCG വിന്യസിച്ചിട്ടുണ്ട്.