തിരുവനന്തപുരം: കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും വഴിയുള്ള കടമെടുപ്പ് ബഡ്ജറ്റിന് പുറത്തുള്ളതല്ലെന്നും ഇത് സർക്കാരിന്റെ ബാദ്ധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ട്. കിഫ്ബി വായ്പകൾ സർക്കാരിന്റെ ബഡ്ജറ്റ് – ഒഫ് ബഡ്ജറ്റ് കടമെടുക്കൽ അല്ലെന്നും അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ഏജൻസി പ്രവർത്തനത്തിന്റെ ഭാഗമായാണ് കടമെടുപ്പ് നടത്തുന്നതെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാലും സർക്കാർ എല്ലാ വർഷവും ബഡ്ജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാദ്ധ്യത തീർക്കുന്നതിനാലും ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം സ്വീകാര്യമല്ലെന്നാണ് നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് സിഎജി ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നാണ് സിഎജി ഉയർത്തിയിരിക്കുന്ന വിമർശനം. മൊത്തം കടത്തിന്റെ ജിഎസ്ഡിപിയുമായുള്ള അനുപാതം കൂടിയെന്ന് സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സർക്കാരിനെതിരെ ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. സർക്കാർ ഭൂമി പരിധിയില്ലാതെ പതിച്ചുനൽകിയെന്നും അർഹതയില്ലാത്തവർക്ക് ഭൂമി നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ലെന്നും വിമർശനമുണ്ട്.
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം കുറഞ്ഞു. 2017-2018ൽ നികുതി വരുമാനം 55.96 ആയിരുന്നത് 2021 മുതൽ 2022 വരെ 50.02 ശതമാനമായി കുറഞ്ഞു. റവന്യു വരുമാനത്തിന്റെ 19.98 ശതമാനം ഉപയോഗിച്ചത് പലിശയ്ക്ക് വേണ്ടിയാണ്. കിഫ്ബിയിലെ സർക്കാർ വാദം സ്വീകാര്യമല്ല. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ സർക്കാർ തീർക്കുന്നതെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

