സപ്ലൈക്കോയിലെ വിലക്കൂട്ടൽ കാലോചിതമായ മാറ്റം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിലകൂട്ടലിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈക്കോയിലെ വിലക്കൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു. അഞ്ചു വർഷം മുമ്പായിരുന്നു എൽഡിഎഫ് വാഗ്ദാനമെന്നും അതും കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ലൈക്കോയിൽ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25 ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചത്. സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനർനിർണ്ണയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ല. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തുമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു. സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങൾക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.