ഭാരത് റൈസ്; പാലക്കാട് ജില്ലയിൽ വിതരണം നാളെ മുതൽ ആരംഭിക്കും

പാലക്കാട്: കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരിയുടെ വിൽപ്പന പാലക്കാട് ജില്ലയിൽ നാളെ മുതൽ ആരംഭിക്കും. 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് റൈസ്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രാവിലെ 10 മണി മുതൽ അരി പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. അഞ്ച് കിലോ, പത്ത് കിലോ പായക്കറ്റുകളായിട്ടായിരിക്കും അരി ലഭിക്കുക

ഭാരത് അരിക്കൊപ്പം കടലപ്പരിപ്പും വിതരണം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 60 രൂപയാണ് ഇതിന്റെ വില. എഫ് സിഐ ഗോഡൗണുകളിൽ നിന്നും അരിയും പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒറ്റത്തവണ പത്ത് കിലോ അരി വരെ ലഭിക്കും. ഈ ആഴ്ച തന്നെ എല്ലാ ജില്ലകളിലും അരി എത്തിക്കാനാണ് എൻസിസിഎഫ് തീരുമാനിച്ചിട്ടുള്ളത്.

തൃശൂർ, അങ്കമാലി എഫ്സിഐ ഗോഡൗണുകളിൽ നിന്നുള്ള അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്തശേഷമാണ് പാക്ക് ചെയ്യുന്നത്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള അരിയാണ് 29 രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നാണ് എൻസിസിഎഫ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചത്. നേരത്തെ ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്തിരുന്നു.

സർക്കാർ ഏജൻസികളായ നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാൽ ഔട്ട്‌ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുന്നത്. ഭാരത് ആട്ട ബ്രാൻഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാൽ ബ്രാൻഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്.