കൽപറ്റ: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എത്രയും വേഗം ഇടപെട്ട് ഒരു പരിഹാരം കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു. വന്യജീവി ആക്രമണത്തിലൂടെ വയനാട്ടിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. കുടുംബത്തിന്റെ ഏക അത്താണിയാണ് കൊല്ലപ്പെട്ട അജിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ, പ്രത്യേകിച്ചും കാട്ടാന ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശമാണുണ്ടാക്കുന്നത്. വയനാട്ടിലെ അത്തരം ആക്രമണങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഒരു പദ്ധതിയില്ലാത്തത് മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം വർധിപ്പിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എത്രയും വേഗം ഇടപെട്ട് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. അജീഷിന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
തിങ്കളാഴ്ച നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിന് കൈമാറും. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കുടുംബം വ്യക്തമാക്കിയിരുന്നത്. ബാക്കി 40 ലക്ഷം രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്‌നിക്കുമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ടത്. ആനയെ കണ്ട് വിരണ്ടോടിയ അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

