ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിൽ അഭ്യൂഹം ശക്തമാകുന്നു. കമൽനാഥ് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. കമൽനാഥ് പാർട്ടി വിട്ടാൽ കോൺഗ്രസിനു കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശിൽ തന്റെ അടുപ്പക്കാരെ തഴഞ്ഞ് രാഹുൽ ഗാന്ധി ബ്രിഗേഡിൽ പെട്ടവരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തും കക്ഷി നേതാവ് സ്ഥാനത്തും നിയോഗിച്ചതിൽ കമൽനാഥ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബിജെപി കമൽനാഥിനു രാജ്യസഭാ സീറ്റും മകൻ നകുൽ നാഥിനു ലോക്സഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോൺഗ്രസ് എംഎൽഎമാരെ കമൽനാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകാൻ ഹൈക്കമാൻഡിനു താൽപര്യമില്ലെന്നാണു സൂചന. ഇതോടെയാണ് പാർട്ടി മാറാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 13 ന് കോൺഗ്രസ് എംഎൽഎമാരെ കമൽനാഥ് അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി കോൺഗ്രസ് നേതാക്കളുടെ പാർട്ടി പ്രവേശനം ചർച്ച ചെയ്തുവെന്നാണ് വിവരം. മുൻ ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജൻ കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

