നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ല; വിവാദത്തിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുകയാണ്. വളരെ വിലകുറഞ്ഞ ആരോപണമാണിത്. എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണ്. താൻ ആർ എസ് പിയായി തന്നെ തുടരും. തനിക്കെതിരെ സിപിഎം വ്യാജ വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ. തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ പിണറായി വിജയനെ മകന്റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയിൽ സർക്കാരിനെ വിമർശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. ജനത്തിന് എല്ലാം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.