കോഴിക്കോട്: ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ മുരളീധരൻ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം നേരിടുന്ന പ്രേമചന്ദ്രനെ ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. സഭക്ക് അകത്തും പുറത്തും ബിജെപി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നൽകും. പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമെമ്പാടും കോൺഗ്രസിന്റെ ശത്രു ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി പ്രേമചന്ദ്രനും രംഗത്തെത്തി. ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്. വില കുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

